Thursday, 5 October 2017

നിന്നെ

നിന്നെ കുറിച്ചോര്‍ത്തേകാന്തതയില്‍
ഒറ്റയ്ക്കുനില്‍ക്കാന്‍ എന്നെനിക്കാകും
നീയെന്തിവിടൊറ്റയ്ക്കെന്നോരയിരം
ചോദ്യശരങ്ങളില്ലാതീ
തീരത്തിരുന്നോരോതിരയെണ്ണി
എന്‍ പാദങ്ങളെപുല്കുംതിരകള്‍ നിന്‍
മൃദുസ്പര്‍ശമെന്നോര്‍ത്തിരിക്കുവാന്‍
പരക്കുമീപാല്‍നിലവിലൊറ്റയ്ക്കീ
പാല്‍മണല്‍ പരപ്പിലാകാശം
നോക്കി നിര്‍ഭയംകിടക്കാന്‍,
ഒരു ഹിംസ്രജന്തുവും കടിച്ചുകീറാന്‍
വരില്ലെന്ന ധൈര്യത്തോടെ,
എന്നെങ്കിലുമെനിക്കാകുമോ
ഒരുപാതിരാവിലോരയിരം
താരകളലങ്കാരമായിതൂങ്ങുന്നേര
മൊരിരുച്ചക്രവണ്ടുയി
ലൊറ്റയ്ക്കു കറങ്ങുവാന്‍
പച്ചമാംസം തിന്നുന്ന
വിഷദംശനം തീണ്ടാതെ
ഒറ്റയിക്കിവീഥി മുറിച്ചുകടക്കുവാന്‍
എന്നെനിക്കാകും?
"ഒരുനാള്‍ സഖി നിന്നെ ഞാന്‍
സ്വതന്ത്രയാക്കു"മെന്ന നിന്‍റെ
വമ്പുകേള്‍ക്കെ ഉയര്‍ത്താനാകാതെ
പോകുന്നോരെന്‍ ശിരസ്സു നീ കാണാതെ
പോകുന്നതെന്തേ?

No comments:

Post a Comment