Sunday, 26 June 2016

രാമഴയില്‍ 


കറുത്തിരുണ്ട രാത്രിയില്‍
തിമിര്‍ത്തു പെയ്തമഴയില്‍
വാക്കുകളുടെ ഇടിയും മിന്നലും
ചിതറിപ്പരന്നു.
വീശിയടിച്ച കാറ്റവയെ
നാലുപാടും തൂത്തെറിഞ്ഞു.
ഇളകിമറിയുന്ന കടലിലും
കുത്തിയൊഴുകുന്ന പുഴയിലും
പെരുവഴിയിലും പുരമുകളിലും
ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടങ്ങളിലും
പാതയോരങ്ങളിലും അവ പതിച്ചു.
തിമിര്‍ത്തു പെയ്ത മഴയോടൊപ്പം
ആകാശവിതാനങ്ങളില്‍ നിന്നു
വാക്കുകളും ചിന്നിച്ചിതറി
മനസ്സിന്‍റെ ഇടവഴികളിലവ
മിന്നിത്തിളങ്ങി
മഴയിലലിഞ്ഞ , കുതിര്‍ന്നൊരു
മണ്ണുടല്‍ വിണ്‍നാദം   

ഒറ്റനിറം 

വര്‍ണാഭമാര്‍ന്ന ഈ ഭൂമിയില്‍
അവരറിയാത്ത കാരണങ്ങളാല്‍
ചിലരൊറ്റ നിറത്തില്‍
കുടുങ്ങിപ്പോകുന്നു 

Sunday, 19 June 2016

നിത്യത 

ഇഴചേര്‍ന്ന
കണികകള്‍
മഴയായി പതിക്കുന്നു
ഒന്നായി തീരും
നമ്മളും.  

Tuesday, 14 June 2016


കാലം തെറ്റിയെത്തുന്ന മഴ


കാലചക്രത്തിനുമുമ്പെ പായുന്ന
കാലത്തിനൊപ്പമെത്താനാവാതെ
മഴ കിതച്ചു,
നിനക്കു പരിഭവം:
കാലം തെറ്റിയെത്തുന്ന മഴ

Sunday, 5 June 2016

മഴപെയ്ത്തിനു ശേഷമീ
മരപ്പെയ്ത്തും 
പെയ്തിറങ്ങുന്ന മഴ
നേരിട്ടും ഒരുപാടലച്ചിലി
നൊടുവിലും
സമുദ്രം പുല്‍കുന്നു

Thursday, 2 June 2016

തിരികെ


എല്ലാവരും പരസ്പരം മത്സരിച്ചുവില്പന നടത്തിയിട്ടും
ആര്‍ക്കും സംതൃപ്തി കണ്ടെത്താനായില്ല.
ഒന്നുമില്ലാത്തവരൊക്കെ
ആനന്ദത്തോടെ, സ്നേഹത്തോടെ ജീവിച്ചു.
എല്ലാം നശിച്ചിട്ടൊന്നുമില്ലാതായവരുടെ
കണ്ണതുകണ്ടുതുറന്നു.
അപ്പോഴേക്കും അവരുടെ കാലുകള്‍
കുഴിക്കരികിലായിരുന്നു.
പിന്നെ ചെറുമികള്‍ പതിയെ തിരികെ നടന്നു
പച്ചപുതയ്ക്കാന്‍  മരങ്ങള്‍ നട്ടു
അവ വളര്‍ന്നിട്ടങ്ങനെ കാടുവളര്‍ന്നു,
പുഴകള്‍ പിറന്നു, ജീവനുണ്ടായി
പ്രകാശം നിറഞ്ഞു.
കാര്‍ന്നോമ്മാരുടെ തെറ്റുകള
വര്‍ക്കൊപ്പംനശിച്ചു.
നമ്മുടെ നാടിനു നന്മവരുത്താന്‍
നമ്മള്‍തന്നെ തുടങ്ങേണം.