Sunday, 28 August 2016


   വിശുദ്ധകെവിനും കരിങ്കുയിലും 



വിരിച്ചകരങ്ങളുമായി
മുട്ടിന്‍മേല്‍ വിശുദ്ധന്‍
ഇടുങ്ങിയ മുറിയുടെ ജനലഴി-
വഴി നീളുന്ന ധ്യാനനിശ്ചലമൊരു
കരത്തിനുള്ളില്‍  കൂടിനിടം
തേടുന്നു കരിങ്കുയില്‍.
കരതാരിലറിയുന്ന
ഇളംചൂടാര്‍ന്ന മുട്ടകള്‍
 അമരുന്ന ചെറിയമാറിടം
ചുണ്ടും നഖങ്ങളും.
നിത്യജീവശൃംഖലയില്‍
സ്വയം കണ്ടെത്തുന്നു കെവിന്‍.
 ഉറവുപൊട്ടുന്നു  കനിവുള്ളില്‍,
ഇനിയീ കരങ്ങളാ ചെറുമികള്‍
വിരിയുവോളം, പറക്കമുറ്റുവോളം
വെയിലിലും മഴയിലുമൊരു
ചില്ലയായ് തീരണം.
ധ്യാനനിശ്ചലം.
മഹത്താമൊരു ഭാവനയിതെങ്കിലും
നിനയ്ക്കുമോ കെവിനെ?
ഏതാണയാള്‍ ? സ്വയം മറന്നൊരാള്‍?
അതോ കഴുത്തുമുതല്‍ വിരല്‍ത്തുമ്പോളം
പേറുന്ന കഠിനവേദനയോ ?
മരവിച്ചവിരലുകള്‍, മുട്ടുകള്‍,
അതോ അയാളിലൂടെ
പടര്‍ന്നുകയറുകയോ ഭൂമി ?
അന്തരങ്ങളെല്ലാമകലുന്ന മാനസം
സ്നേഹനീര്‍ച്ചോലയില്‍
 മുങ്ങിനിവരുന്നു
ഏകനായി വിമലം.
വിസ്മരിപ്പൂ സ്വയം, കിളിയെയും.
പുഴയെ മറന്നു പുഴയരികില്‍
ആപാദചൂഡമൊരു
പ്രാര്‍ഥനയായ് തീരുന്നു:
"പ്രതിഫലേച്ഛലേശമേശാതെ
പ്രയത്നിക്കാനായെങ്കില്‍".

(ധ്യാനത്തിലാഴ്ന്ന വി. കെവിന്‍റെ കരങ്ങള്‍ക്കുള്ളില്‍ ഈശ്വരനൊരു ചെറുകിളിയായി കൂടുകൂട്ടി.  മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പറക്കാറാകുവോളം അയാളാ ധ്യാനനിശ്ചലതയില്‍. അങ്ങനെ പ്രപഞ്ചത്തിന്‍റെ ജീവശൃംഖലയില്‍ ഒരുകണ്ണിയായി അലിഞ്ഞില്ലാതാകുന്നു.)  
   (St.Kevin and the Blackbird by Seamus Heaney   സ്വതന്ത്ര പരിഭാഷ  )

Sunday, 14 August 2016

അമ്മ

കണ്ണീര്‍ മഴയില്‍ കുതിര്‍ന്നും
കാറ്റിലുലഞ്ഞുമവള്‍
അമ്മമരച്ചുവട്ടിലണയുന്നു.
ആ സ്നേഹച്ചുമലവള്‍ക്കു
ചായാനൊരിടം,
നെഞ്ചിന്‍ കനമിറക്കാനും
അവളുടെ കണ്ണീരിനിപ്പോള്‍
പൊന്‍വില.
നെറുകയിലൊഴുകുന്ന
കാരുണ്യ കരസ്പര്‍ശം
അവളാസ്നേഹമഴയില്‍
സ്വയം കണ്ടെത്തുന്നു
കരുത്തുനേടുന്നു. 

Sunday, 7 August 2016

വീട്ടില്‍ നിന്നും മാതാപിതാക്കളും വേദപാഠക്ലാസ്സുകളില്‍അദ്ധ്യാപകരും പഠിപ്പിച്ച പ്രാര്‍ഥനകളും ജീവിത രീതികളുമായി യൌവനത്തിലേക്ക് കടക്കുമ്പോള്‍ കുറച്ചുകൂടി ദൈവത്തിലേക്ക് അടുക്കണമെന്ന്, കുറച്ചുകൂടി ആഴത്തില്‍ വളരണമെന്ന്, കുറച്ചുകൂടി നല്ല വ്യക്തികളാകണമെന്ന്,  നല്ല ക്രൈസ്തവരാകണമെന്ന് തോന്നിത്തുടങ്ങുന്നു. ക്രിസ്തുവിന്‍റെ മനസ്സിനൊത്ത് രൂപപ്പെട്ട ഒരു ജീവിതമുണ്ടാകണമെന്ന് ആഗ്രഹം ശക്തമായി തുടങ്ങുന്നു. ദൈവം പ്രചോദിപ്പിക്കുന്ന വഴികളിലൂടെ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ നമ്മെ അലട്ടാന്‍ തുടങ്ങുന്നു. സ്വയം ഉത്തരം കണ്ടെത്താന്‍ പറ്റാതെ വരുന്നു. ചോദിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വരുന്നു. അപ്പോഴാണ് നമ്മള്‍ പുസ്തകങ്ങള്‍ തേടി പോകുന്നത്.
ഇവിടെയിതാ അങ്ങനെയൊരു പുസ്തകം ഭരണങ്ങാനം, ജീവന്‍ ബുക്സില്‍ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നു: A Way of Life for Young Catholics (English). ആഴം എന്ന പേരില്‍ മലയാളത്തിലും. വളരെ ലളിതമായ ഭാഷയില്‍ യുവജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളെയും കുറിച്ച് അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രാര്‍ഥനജീവിതത്തില്‍ ഒത്തിരി ആഴപ്പെട്ടവര്‍ക്കും ആഴപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. പുതുതലമുറയിലെ യുവജനങ്ങള്‍ക്കു അവര്‍ നേരിടുന്ന- മാനസീകവും ആത്മീയവുമായ വിവിധ പ്രശ്നങ്ങളേയും സംശയങ്ങളെയും എങ്ങനെ വിജയ പ്രദമായി നേരിടാമെന്നും അവയുമായി എങ്ങനെ ദൈവത്തിലേക്ക് വളരാമെന്നും വളരെ ലളിതമായി സുന്ദരമായ ഭാഷയില്‍ മനോഹരമായ layout ല്‍  അവതരിപ്പിച്ചിരിക്കുന്നു. വലിയ theories ഒന്നും നിങ്ങള്‍ക്കിതില്‍ നിന്നും കിട്ടില്ല പക്ഷേ ഇതൊരു practical handbook ആണ്. തീര്‍ച്ചയായും ഒരു copy ഒരിയ്ക്കലും ഒരു നഷ്ടമാകില്ല.