Saturday, 30 April 2016

വലിയ ചിറകുള്ള പക്ഷികള്‍

"നിശബ്ദത. ഒരു ചെറു ചീവീടിന്‍റെയോ തവളയുടെയോ ശബ്ദം കേള്‍ക്കാനില്ല. കിളികളുടെ സംഗീതമില്ലെന്നു മാത്രമല്ല ഒരു കാക്കയെ പോലും കാണ്മാനില്ല. കളകളാരവത്തോടെ പുഴഒഴുകുന്നുണ്ടെങ്കിലും തുണി അലക്കാന്‍  പോലും ആരും ആ വെള്ളം ഉപയോഗിക്കാറില്ല. ദൂരെ നാടുകളില്‍ നിന്നും വിലക്കു വാങ്ങുന്ന കുപ്പി വെള്ളവും ഭക്ഷണവുമാണ് എല്ലാവര്ക്കും ആശ്രയം. ശുദ്ധവായൂ ശ്വസിക്കാനില്ലാത്തതിനാല്‍ മിക്കവരും തന്നെ കൈയില്‍ ഒരു ചെറു സിലണ്ടറുമായിട്ടാണ് നടക്കുന്നത്. എങ്ങും കൊടിയ നിശബ്ദത..... ഘോരമായ ശാന്തത... ഭീകരമായ അനിശ്ചിതത്വം.... "
           ഇതെന്താണ് ? എവിടെയാണ്? എന്നല്ലേ? ഇങ്ങനെ പോയാല്‍ നമ്മുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കും. ഇപ്പോള്‍ തന്നെ അല്പം ചൂട് കൂടിയിട്ടു സഹിക്കാന്‍ പറ്റുന്നില്ല. ലാഭ നഷ്ടങ്ങളുടെ കണ്ണുകളിലൂടെ ലോകത്തെ ചുറ്റുമുള്ളവരെ കാണാന്‍ തുടങ്ങിയ കാലം മുതല്‍ എല്ലാത്തിനെയും നമ്മള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്തു തുടങ്ങിയിരുന്നു. ഇതൊക്കെ പറയാന്‍ കാരണം. ഡോ. ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന സിനിമയാണ്. വേറിട്ട കാഴ്ചപ്പാടുള്ള മാറി നടക്കാന്‍ മാറി ചിന്തിക്കാന്‍ പരിശ്രമിക്കുന്ന സിനിമാക്കാരന്‍റെ വിലപിടിപ്പുള്ള സിനിമ. നാടകീയത തെല്ലുമില്ലാത്ത, ഭാവനയെയും യഥാര്‍ത്യത്തെയും  വേര്‍തിരിക്കാന്‍ പ്രയാസം തോന്നും. ഒരു ലൈവ് പ്രോഗ്രാം പോലെയും തോന്നിയെക്കാം. എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി പ്രയോഗത്തിലൂടെ ഒരു തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗത്തിനും മാരകമായ രോഗങ്ങള്‍ പിടിപെട്ട കാസറഗോഡന്‍ ഗ്രാമത്തിന്‍റെ കഥ, അവിടത്തെ കുട്ടികളുടെ ദുരിതത്തിന്റെ കഥ സിനിമയാക്കാന്‍ പരിശ്രമിച്ച പ്രിയപ്പെട്ട ഡോ. ബിജുവിന് നന്ദി.
  അധികാര വര്‍ഗത്തിന്‍റെ  സ്വാര്‍ഥതയും കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും സാധാരണ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത നിലപാടുകളുമൊക്കെ നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. കോടതിയില്‍ വച്ച് ദുരിത ബാധിതര്‍ക്ക് വേണ്ടി വാദിക്കുന്ന വക്കീല്‍ പറയുന്ന വാക്കുകള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ നിങ്ങളുടെ നഷ്ടമെന്താണ് എന്ന കോടതിയുടെ ചോദ്യത്തിന് കമ്പനിയുടെ വക്കീല്‍ പറയുന്നു: പതിനായിരം കോടിരൂപയുടെ നഷ്ടം. സര്‍ക്കാരിന് അയ്യായിരം കോടിരൂപയുടെ നഷ്ടം.എന്‍ഡോസള്‍ഫാന്‍ നിരോധിച്ചില്ലെങ്കില്‍ നിങ്ങളുടെ നഷ്ടമെന്താണ് എന്ന കോടതിയുടെ ചോദ്യത്തിന് പരാതിക്കാരുടെ വക്കീല്‍ പറയുന്നു: "It is not a matter of monitary loss. It is a loss of humanity. and it cause the lives of many innocent people. My Lord, we really don't know how to price their lives".
ദുരിത പര്‍വങ്ങളിലൂടെയാണ് ക്യാമറ ചലിക്കുന്നതെങ്കിലും ഒടുവില്‍ എല്ലാം ഒന്നു കലങ്ങി തെളിയുമെന്നും എല്ലാം നേരെയാക്കാന്‍, നന്‍മയിലൂടെ ചരിക്കുന്നവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അതില്‍ ഒരാള്‍ നമ്മളാണെന്നും ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കും. ഉള്ളിലെവിടെയോ പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു തിരി നാളം അവശേഷിപ്പിച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്. തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം.


Thursday, 28 April 2016

          ഒറോത 


     

         "ചെമ്പേരി പുഴയുടെ തീരത്ത് ഇരുന്നു ഒറോതയെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. ഒറോതയെ ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. ഒറോതയെ ഓര്‍ക്കാതിരിക്കാന്‍ അത്രത്തോളം കൂടി ആവില്ല". കാക്കനാടന്‍റെ 'ഒറോത' തുടങ്ങുന്നതും തീരുന്നതും ഈ വരികള്‍ കൊണ്ടാണ്. അതേ ഒറോതയെ വായിച്ചാല്‍ കരയാതിരിക്കാനാവില്ല. 'ഒറോത' ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. അത്രക്കും ഹൃദയ സ്പര്‍ശിയാണ് ഒറോത. കാക്കനാടനെ വായിക്കാന്‍ ഇത്രയും താമസിച്ചു പോയത് വലിയ തെറ്റ് തന്നെ. മലബാര്‍ കുടിയേറ്റത്തിന്‍റെ പച്ചയായ യഥാര്‍ത്യങ്ങള്‍  ഇത്ര പച്ചയായ വാക്കുകളില്‍ ചിത്രീകരിച്ചിരിക്കുന്നത് ഒറോതയെന്ന  സ്ത്രീയുടെ ചലനങ്ങളിലൂടെ യാണ്. ആദ്യകാല കുടിയേറ്റക്കാരുടെ മനസ്സാണ് ഒറോത. ഒരേ ദാരിദ്ര്യവും മറ്റു ജീവിത സാഹചര്യങ്ങളും അനുഭവിച്ചിരുന്നവര്‍ ഒരുമിച്ച് നാടുവിട്ടു ദൂരങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന പുതിയ ദേശത്തു ഒരേ മനസ്സോടെ ഒരുമിച്ച് കഠിനാധ്വാനം ചെയതത്തിന്‍റെ ഫലമാണ് ആ നാട്ടിലെ ഇന്നത്തെ സമൃദ്ധി.മലബാര്‍ എനിക്കും ഒരുമയുടെയും ഐക്യത്തിന്‍റെയും അനുഭവമാണ് ഈയുള്ളവനും സമ്മാനിച്ചിട്ടുള്ളത്. മനുഷ്യനെ നശിപ്പിക്കാം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന സത്യം ഹെമിംഗ് വേ യുടെ കിഴവനും കടലും വായിക്കാതെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലബാറിലെ കുടിയേറ്റ ജനത. പ്രകൃതിയും മനുഷ്യനും രോഗങ്ങളും കലാവസ്ഥയും ഒന്നും അവരുടെ ജീവിക്കാനുള്ള ആവേശത്തെ തകര്‍ത്തില്ല. തകര്‍ക്കാനവയ്ക്ക് കഴിഞ്ഞില്ല എന്നതാണു യഥാര്‍ഥ്യം. ഒറോതയിലൂടെ കാക്കനാടന്‍ വരച്ചിടുന്നത് കുടിയേറ്റ ജനതയുടെ ഈ തോല്‍ക്കാത്ത മനസ്സും അവരുടെ അപരനോടുള്ള കരുതലും ആണ്.ഒറോതയെന്ന നോവല്‍ എന്‍റെയും മിഴികള്‍ ഈറനണിയിക്കുന്നു. ഈ നോവലിന് ലഭിച്ച അവാര്‍ഡുകളെക്കാളുപരി ആ വാക്കുകള്‍ക്ക് ഇന്നും നമ്മുടെ ഉള്ളിലെ നന്മകളെ തട്ടിയുണര്‍ത്താന്‍ കഴിയും എന്നതാണു അതിന്‍റെ മഹത്വം. കാക്കനാടന് നന്ദി.

Tuesday, 26 April 2016

കുയിലും കാക്കയും


സുന്ദരിയായ പാട്ടുകാരിയാണ്
കുയിലെങ്കിലും
 മുട്ടവിരിയണമെങ്കില്‍
കാക്ക തന്നെ ശരണം.

Monday, 18 April 2016

"സഹോദരാ, എന്‍റെ  ഹൃദയം തകര്‍ന്നിട്ടില്ല. ജീവിതം എല്ലായിടത്തും ജീവിതം തന്നെ. നമ്മിലുള്ള ജീവിതം നമ്മുക്കു പുറത്തുള്ള എന്തിലെങ്കിലുമല്ല. ആളുകള്‍ എല്ലായ് പ്പോഴും എന്‍റെയടുത്തുണ്ടാകും. ആളുകള്‍ക്കിടയില്‍ ഒരു മനുഷ്യനായിരിക്കുകയും എന്തൊക്കെ പീഡനങ്ങലേല്‍ക്കേണ്ടി വന്നാല്‍ തന്നെയും ഒരു മനുഷ്യനായി എന്നത്തേക്കും തുടരുകയും ചെയ്യുക -ഇതാണ് ജീവിതം. ഇതാണ് ജീവിതത്തിന്‍റെ കര്‍ത്തവ്യം.  ഞാനിതു തിരിച്ചറിഞ്ഞു. സ്നേഹിക്കാനും വേദനിക്കാനും സഹിക്കാനും ആഗ്രഹിക്കാനും സ്മരിക്കാനും കഴിയുന്ന ഒരു ഹൃദയം എന്നിലിപ്പോഴും  അവശേഷിക്കുന്നു".

(ദേസ്തയോവ്സ്കി  സൈബീരിയയിലേക്ക്  കഠിനതടവിന് വിധിക്കപെട്ട് പോകുമ്പോള്‍ സഹോദരന്‍ 
മിഖായേലിന് എഴുതിയ കത്തില്‍ നിന്ന്) 

തിര 

കത്തുന്ന വെയിലില്‍
തിളങ്ങിനില്‍ക്കുന്ന
നെല്‍ച്ചെടികളെ ഇളങ്കാറ്റു
 തഴുകുമ്പോള്‍
ഒരു തിരയിളക്കം

വഴിവിളക്ക് 


ഇരുളടഞ്ഞ വഴികളില്‍
ഇത്തിരി പ്രകാശവുമായി വഴിവിളക്ക്
എത്രയോ യാത്രികരുടെ വെളിച്ചം.
എന്‍റെ വഴിയില്‍ ഒരിക്കല്‍ നീ.

Wednesday, 6 April 2016

പുഴയിലെ കല്ലിന്
ഒഴുക്കിനെ അറിയാമെന്ന്.
ഒഴുക്കിനൊ?

                     കാലം


ആഴത്തിലേക്കു പതിക്കുന്ന
ജലപാതത്തിനരികില്‍
ഒഴുകിപ്പോകുന്ന വെള്ളവും
നോക്കിയിരിക്കുന്നു.
അതിലേക്കു ചാടിമരിക്കാ
നെനിക്കു ഭയം
തീരത്തെ വെറുമൊരു
കാഴ്ചക്കാരന്‍ മാത്രം ഞാന്‍