Thursday, 28 April 2016

          ഒറോത 


     

         "ചെമ്പേരി പുഴയുടെ തീരത്ത് ഇരുന്നു ഒറോതയെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. ഒറോതയെ ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. ഒറോതയെ ഓര്‍ക്കാതിരിക്കാന്‍ അത്രത്തോളം കൂടി ആവില്ല". കാക്കനാടന്‍റെ 'ഒറോത' തുടങ്ങുന്നതും തീരുന്നതും ഈ വരികള്‍ കൊണ്ടാണ്. അതേ ഒറോതയെ വായിച്ചാല്‍ കരയാതിരിക്കാനാവില്ല. 'ഒറോത' ഓര്‍ത്താല്‍ കരയാതിരിക്കാനാവില്ല. അത്രക്കും ഹൃദയ സ്പര്‍ശിയാണ് ഒറോത. കാക്കനാടനെ വായിക്കാന്‍ ഇത്രയും താമസിച്ചു പോയത് വലിയ തെറ്റ് തന്നെ. മലബാര്‍ കുടിയേറ്റത്തിന്‍റെ പച്ചയായ യഥാര്‍ത്യങ്ങള്‍  ഇത്ര പച്ചയായ വാക്കുകളില്‍ ചിത്രീകരിച്ചിരിക്കുന്നത് ഒറോതയെന്ന  സ്ത്രീയുടെ ചലനങ്ങളിലൂടെ യാണ്. ആദ്യകാല കുടിയേറ്റക്കാരുടെ മനസ്സാണ് ഒറോത. ഒരേ ദാരിദ്ര്യവും മറ്റു ജീവിത സാഹചര്യങ്ങളും അനുഭവിച്ചിരുന്നവര്‍ ഒരുമിച്ച് നാടുവിട്ടു ദൂരങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന പുതിയ ദേശത്തു ഒരേ മനസ്സോടെ ഒരുമിച്ച് കഠിനാധ്വാനം ചെയതത്തിന്‍റെ ഫലമാണ് ആ നാട്ടിലെ ഇന്നത്തെ സമൃദ്ധി.മലബാര്‍ എനിക്കും ഒരുമയുടെയും ഐക്യത്തിന്‍റെയും അനുഭവമാണ് ഈയുള്ളവനും സമ്മാനിച്ചിട്ടുള്ളത്. മനുഷ്യനെ നശിപ്പിക്കാം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന സത്യം ഹെമിംഗ് വേ യുടെ കിഴവനും കടലും വായിക്കാതെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലബാറിലെ കുടിയേറ്റ ജനത. പ്രകൃതിയും മനുഷ്യനും രോഗങ്ങളും കലാവസ്ഥയും ഒന്നും അവരുടെ ജീവിക്കാനുള്ള ആവേശത്തെ തകര്‍ത്തില്ല. തകര്‍ക്കാനവയ്ക്ക് കഴിഞ്ഞില്ല എന്നതാണു യഥാര്‍ഥ്യം. ഒറോതയിലൂടെ കാക്കനാടന്‍ വരച്ചിടുന്നത് കുടിയേറ്റ ജനതയുടെ ഈ തോല്‍ക്കാത്ത മനസ്സും അവരുടെ അപരനോടുള്ള കരുതലും ആണ്.ഒറോതയെന്ന നോവല്‍ എന്‍റെയും മിഴികള്‍ ഈറനണിയിക്കുന്നു. ഈ നോവലിന് ലഭിച്ച അവാര്‍ഡുകളെക്കാളുപരി ആ വാക്കുകള്‍ക്ക് ഇന്നും നമ്മുടെ ഉള്ളിലെ നന്മകളെ തട്ടിയുണര്‍ത്താന്‍ കഴിയും എന്നതാണു അതിന്‍റെ മഹത്വം. കാക്കനാടന് നന്ദി.

No comments:

Post a Comment