Sunday, 3 July 2016


സമ്പാദ്യം

ശരിയാണ്, ജീവിതത്തില്‍ വെട്ടിപ്പിടിച്ചതും സ്വന്തമാക്കിയതും
സ്വരുകൂട്ടിയതുമൊക്കെ ശേഖരിച്ചുവയ്ക്കുന്നത് ഓട്ടപാത്രത്തിലാണെന്ന്
വളരെ  വൈകിയെ അറിയൂ. എന്തിനുവേണ്ടിയാണ് ശേഖരിച്ചത് എന്നു പോലും
ഓര്‍ത്തെടുക്കാനാകുന്നില്ല. ചിന്തകള്‍ വളരെ സാവധാനം അയാളിലൂടെ
കടന്നുപോയി. വക്കീലിന്‍റെ കുരുട്ടു ബുദ്ധിയല്ല, എല്ലാം
കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നതു നോക്കിനില്‍ക്കുന്ന ഒരു
നിസ്സഹായന്‍റെബുദ്ധിമാത്രമേ ഇപ്പോള്‍ അയാള്‍ക്കുള്ളൂ.
ആരോഗ്യമുള്ള കാലത്ത് അയാള്‍ പ്രതാപിയായഒരു  ക്രിമിനല്‍
വക്കീലായിരുന്നു ഭാര്യയ്ക്കും സര്ക്കാര്‍ വകുപ്പില്‍ ഉയര്ന്ന ഉദ്യോഗം.
ഇതിനിടയില്‍ പിറന്ന ഒരേ ഒരുമകന്‍ വേണ്ടത്ര ശ്രദ്ധയോന്നുമില്ലാതെ, കൂടുതല്‍
സമയവും ബന്ധുക്കള്‍ക്കൊപ്പവും വളരെ കുറച്ചുനേരമാത്രം
അവരോടൊപ്പവും വളര്‍ന്നു വന്നു. പണ്ടത്തെ ആള്‍ക്കാര്‍ പറയുന്നപോലെ ഈ
വയല്‍ചെടിയൊക്കെ വളരുന്ന കണക്ക് ...
രണ്ടുപേരും നല്ലവരുമാനമുള്ളവരും അഭിമാനികളുമായിരുന്നതിനാല്‍
വേണ്ടത്ര ഈഗോയും അനൈക്യവും അവര്‍ക്കിടയിലുമുണ്ടായിരുന്നു.
അതൊക്കെ പേറിയതാകട്ടെ  മുറിപ്പെട്ട ബാല്യത്തിന്‍റെ തളര്‍ന്ന ചുമലുകളും.
ചിന്തകളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ അയാള്‍ കുഴങ്ങി:
എന്തിനായിരുന്നു ഭാര്യയോട് പിണങ്ങി കഴിഞ്ഞത്?
സ്നേഹത്തിന്‍റെകള്ളനാണയങ്ങളുടെ പിന്നാലേ പാഞ്ഞത്? മകന്‍റെ നെറുകയില്‍
സ്നേഹപൂര്‍വം നല്‍കാതെപോയ ചുംബനങ്ങളുടെ ഭാരം നെഞ്ചില്‍ വിങ്ങുന്നു.
സമ്പാദിച്ചുകൂട്ടിയതോ ബന്ധുജനങ്ങളെന്ന വര്‍ഗവും കൈക്കലാക്കി...  
ചിന്തകളയാളെ മദിച്ചുകൊണ്ടിരുന്നു. വിദൂരതയിലേക്കുനോക്കി
നെടുവീര്‍പ്പിട്ടിരിക്കുന്ന ഭാര്യയെ നോക്കിയപ്പോള്‍ അയാളിലൊരു നടുക്കം.
ഇത്രയും കാലമായിട്ടും ഇവളെ ഒന്നു ശ്രദ്ധിച്ചിട്ടിലല്ലോ?
ഇവളുടെ സൌന്ദര്യം, ഇഷ്ടങ്ങള്‍, ആശയങ്ങള്‍ അഭിപ്രായങ്ങള്‍, ആന്തരിക പ്രഭ
ഒന്നും താന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരിക്കല്‍ പോലും
സ്നേഹപൂര്‍വമൊരുവാക്കുരിയാടിയിട്ടില്ല. താനെപ്പോഴും സ്വന്തം
ലോകത്തായിരുന്നല്ലോ?
  "മോനെത്തിയില്ലല്ലോ" എന്ന ഭാര്യയുടെ ശബ്ദമാണയാളെ
വിളിച്ചുണര്‍ത്തിയത്. എന്തൊക്കെയോ ചെറിയ കാര്യങ്ങള്‍ക്കാണു മകന്‍
അയാളെ ചീത്ത പറഞ്ഞ് രാവിലെ ഇറങ്ങിപ്പോയത്.  മകനെന്താണങ്ങനെ
പെട്ടെന്നു ചൂടാകുന്നത് ? വീണ്ടുമയാള്‍ ചിന്തകളിലേക്ക് വഴുതിവീണു. താനും
ഈ പ്രായത്തിലിങ്ങനെയായിരുന്നോ? അതോ മകനു നിഷേധിക്കപ്പെട്ട
സ്നേഹത്തിന്‍റെ പ്രതികാരമാണോ മകന്‍റെ ഈ പെരുമാറ്റം.
ഒരിത്തിരി പരിഗണനയും സ്നേഹവും ഇപ്പോള്‍ ആയളും  കൊതിക്കുന്നുണ്ട്.
പക്ഷേ ഒരുപാട് സമ്പാദിച്ചെങ്കിലും ഇതൊന്നും ശേഖരിക്കാനും കൊടുക്കാനും,
അങ്ങനെ ഒന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലല്ലോ. ആകുമായിരുന്ന
കാലത്ത് ഇത്തിരി കനിവു ആരോടും കാട്ടിയിട്ടില്ല, ഏക മകനോടു പോലും.
എല്ലാവരോടും ഒരുതരം പുച്ഛമായിരുന്നു . ഉള്ളിലെ ശൂന്യത ഒരുതരം
വെറുപ്പായി പുറത്തു വന്നിരുന്നു.......
മകന്‍റെ കാല്‍പ്പെരുമാറ്റം അയാളെ വീണ്ടും ചിന്തകളില്‍
നിന്നുണര്‍ത്തി.   അയാളെ അതിശയിപ്പിച്ചുകൊണ്ടു മകനയാളുടെ
അരികിലിരുന്നു. അവര്‍ രണ്ടുപേരും ഒരേതരം പൊള്ളലുകളിലൂടെയും
പൊള്ളത്തരങ്ങളുടെ ഭാരങ്ങളിലൂടെയും ഉല്‍ശൂന്യതയുടെ
മരുഭൂമികളിലൂടെയും അപ്പോള്‍  ഇടറി നീങ്ങുകയായിരുന്നു.
ഒരിക്കലും തിരികെ കൊടുക്കാനാകാത്ത മകന്‍റെ ബാല്യ
കൌമാരങ്ങള്‍,നിഷേധിക്കപ്പെട്ട സ്നേഹം.  നിഷേധിക്കപ്പെട്ട സ്നേഹത്തിന്‍റെ
വേനല്‍ വറുതി തന്‍റെ മകനെ ഈ പരുവത്തിലാക്കിയത് അയാളപ്പോളറിഞ്ഞു.
ആ മിഴികള്‍ നിറഞ്ഞൊഴുകി. മകനാകട്ടെ തന്നെ നയിച്ച ഏതോ
ഒരുല്‍പ്രേരണയാല്‍ അയാളുടെ പാദങ്ങളിലൂടെ കരമോടിച്ചുകൊണ്ടിരുന്നു.
വീട്ടാകടമായി മകനും ഭാര്യയും ചൊരിയുന്ന കനിവും കരുണയും  അയാളുടെ
ഉള്ളില്‍ പേമാരിയായി പെയ്തിറങ്ങി.
അപ്പോഴവരുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ആ
കുത്തൊഴുക്കില്‍ അവരുടെ ഉള്ളിലെ എല്ലാ സ്വാര്‍ഥതയും ദു:ഖങ്ങളും
സങ്കടങ്ങളും മുറിവുകളുമൊക്കെ ഒഴുകിപ്പോയി. ഉള്‍ശൂന്യതയിലേക്ക്
നിറയുന്ന സ്നേഹപ്രവാഹം അവര്‍ തിരിച്ചറിഞ്ഞു. കണ്ണീരില്‍ മുങ്ങി അവര്‍
സ്നേഹത്തിന്‍റെ തീരത്തേക്ക് നീന്തികയറി.






No comments:

Post a Comment